Monday, November 16, 2009

THE LANGUAGE OF KASARGOD

നിരവധി മിത്തുകളും മുത്തുകളും നിറഞ്ഞ ഐശ്വര്യസമ്പന്നമായ ഭാഷയാണല്ലോ നമ്മുടെ മലയാളം. ഭൂപ്രകൃതിക്കനുസരിച്ച് കേരളത്തിന്റെ നാടുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ നാട്ടിന്റെ സംസാര ശൈലികളിലും വ്യത്യാസങ്ങളുണ്ട്. വടക്കുനിന്ന് തെക്കോട്ടേക്കും തെക്കുനിന്നു വടക്കോട്ടേക്കും നീങ്ങുമ്പോള്‍ നമുക്കു ഇതു ശരിക്കും അനുഭവിക്കാനാകുന്നു. വടക്കുള്ളവന്‍ തെക്കു പോകുമ്പോള്‍ അവിടുത്തെ ശൈലി കണ്ട് അമ്പരക്കുന്നു. അതെ പോലെ തിരിച്ചും. ആറു നാട്ടില്‍ ചെല്ലുമ്പോള്‍ നൂറു ഭാഷ എന്നത് മലയാളത്തെ സമ്പന്ധിച്ചിടത്തോളം അന്വര്‍ത്ഥവുമാണ് . അച്ചടി ഭാഷയില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഈ സംസാര ഭാഷകള്‍ പള്ളിക്കൂടങ്ങളുടെയും അച്ചടി മാധ്യമങ്ങളുടെയും വ്യാപക അധുനിക ശൈലീ പ്രചാരത്തിലൂടെ അന്യം നിന്നു പോകാനിടയുണ്ട്. കാലപ്രവാഹത്തിനിടയില്‍ മറവിയുടെ ഏടുകളിലേക്ക് മുങ്ങിത്താണുപോകുന്നതിനു മുമ്പ് ഉത്തര മലബാറിന്റെ, പ്രത്യേകിച്ച് കാസര്‍കോടിന്റെ തനത് സംസാര ഭാഷയെ ഓര്‍മ്മകളുടെ ഏടുകളിലേക്കു പ്രതിഷ്ടിക്കാന്‍ ശ്രമിക്കുകയാണു ഈ ലേനത്തിലൂടെ. അലിഖിത രൂപമുള്ളതും വാമൊഴിയായതുമായ ഈ സംസാര ഭാഷകളിലൂടെ കടന്നു പോകുമ്പോള്‍ ഹരം കൊള്ളുന്നതിനൊപ്പം തനി മലയാള ഗ്രാമത്തനിമകള്‍ അടുത്തറിയാനും വായനക്കാരന്‍ കഴിയും എന്നതില്‍ സംശയമില്ല. അലകടല്‍ പോലെ വിശാലമായ സംസാര ലോകത്ത് നിന്ന് തപ്പിപ്പെറുക്കിയെടുത്ത ചില്ലറ വാക്കുകല്‍ മാത്രമാണ് നിങ്ങള്‍ക്കിതില്‍ കാണാനാവുക.

സംസാര വാക്കുകള്‍ അര്‍ത്ഥം

ബണ്ണെ വെറുതെ
ബേം വേഗം
ജാസ്തി അധികം
ഓര്‍ക്ക് അവര്‍ക്ക്
ഓര്‍ ഭര്‍ത്താവ്
ഓള്‍ അവള്‍
ഓള് ഭാര്യ
ജോര്‍ ഉശാര്‍
പൊരെ വീട്
അവുത്തു അകത്തു
അവുത്ത് പുരയില്‍
ബെരുത്തം അസും
ബയി വഴി
തണ്ണി വെള്ളം
പൊണ്ടം കരിക്ക്
പൊണ്ടത്തിന്റെ തണ്ണി ഇളനീര്‍
ലാക്കിട്ടര്‍ ഡോക്റ്റര്‍
ബെയ്ച്ചാ കഴിച്ചോ
കത്തല്‍ വിശപ്പ്
തീ കത്തി തീ പിടിച്ച്
പാങ്ങ് ഭംഗി
ബീത്തീനാ ഒഴിച്ചോ
ബീത്തിയാ മൂത്രമൊഴിച്ചോ
മീത്തെ മേലെ, മുകളില്‍
പെരപ്പ് അമ്പരപ്പ്
പരത്ന്നേ തപ്പുന്നേ
ജാകെ സ്ഥലം
ബള്‍പ്പ് പറമ്പ്
അതിസ്യം അതിശയം
ബര്‍ത്താനം വര്‍ത്തമാനം
പയക്കം വര്‍ത്തമാനം
ഒക്കും അതേ
ഒക്കുവോലും അതേ പോലും
ബേണ്ടാന്ന് വേണ്ടാ എന്ന്
ന്താ ബേണ്ട്യ എന്താണു വേണ്ടത്
ബെയî വല്ല്യുമ്മ, മാമ
കയ്ന്നില്ല വയî , കഴിയുന്നില്ല
കയîാലെ വരമ്പ് , വേലി
കുച്ചില്‍പൊറം അടുക്കള പുറത്ത്
കുച്ചില്ല് അടുക്കള
മാച്ചി ചൂല്‍
നാസ്ത പ്രഭാത ഭക്ഷണം
മോന്തി സന്ധ്യ
ബെളി ബരുമ്പം വെളിച്ചം വരുമ്പോള്‍, നേരം പുലരുമ്പോള്‍
ബെടക്ക് ചീത്ത
കച്ചറ മാലിന്യം
നായി നായ
കോയി കോഴി
കാലി എരുത് മൂരി , കാള
കാലിയായി തീര്‍ന്നു
ബെര്സം മഴക്കാലം
പിര്സം ഇഷ്ടം
അങ്ങന്നെ അങ്ങിനെ തന്നെ
കായി പണം
കാശി സ്ത്രീധനം
പൌത്ത കായി പഴുത്ത പഴം
പൂങ്ങിയത് പുഴുങ്ങിയത്
മയെ ബെള്ളം മഴ വെള്ളം
പൊയെ പുഴ
പൊയ്യെ പൂഴി, മണല്‍
മേല്‍ ശരീരം
കയ്യീനാ കഴുകിയോ
കൂട്ടീനാ കൂട്ടിയിരുന്നോ
പോയീനാ പോയിരുന്നോ
ബന്നീനാ വന്നിരുന്നോ
കേട്ടീനാ കേട്ടിരുന്നോ
ആടെ ഈടെ അവിടെ ഇവിടെ
അപ്രം ഇപ്രം അപ്പുറത്തും ഇപ്പുറത്തും
ആട്ക്ക് അവിടെക്ക്
ഈട്ക്ക് ഇവിടെക്ക്
ബായിച്ചാ വായിച്ചുവോ
ന്റെ മോളെ ബായിച്ചാ നിന്റെ മകളെ കല്ല്യാണം കഴിപ്പിച്ചോ
ബല്ല്യെ വലിയ
പൈസക്കാര്‍ പണക്കാര്‍
അലമ്പ് പശ്നം
കൊട്ടെ സഞ്ചി വട്ടി
കൊട്ടെ കശുവണ്ടി
മാങ്ങാന്റെ കൊട്ടെ മാങ്ങയുടെ അണ്ടി
ചാട് കളയുക
പര്‍ക്കുക പെറുക്കുക
മേങ്ങീറ്റ് ബാ വാങ്ങിയിട്ട് വരൂ
ചെല്ലണം പറയണം
പ്രാഅ്ന്ന് പിരാകുന്നു പിറുപിറുക്കുന്നു
പൊരേന്റെ ബാല് വീടിന്റെ വാതില്‍
കാട്ടം അവശിഷ്ടം
ബാരി വാരുക
പയി പശു
കര്‍ത്ത പയിന്റെ ബെള്‍ത്ത പാല്‍ കറുത്ത പശുവിന്റെ വെളുത്ത പാല്‍
പയ്ക്ക്ന്ന് വിശക്കുന്നു
നട്ക്ക് നടൂല്‍ നടുവില്‍
ലാറ്റ്നി ലാമ്പ്
ലാഅ് രാത്രി
പോല്‍ പകല്‍
പോമ്പം പോകുമ്പോള്‍
പുള്ളമ്മാര്‍ കുട്ടികള്‍
ബാല്ല്യക്കാര്‍ യുവാക്കള്‍
തൊണ്ടന്മാര്‍ വയസ്സന്മാര്‍
തൊണ്ടി വൃദ്ധ
കെനം കിണര്‍
ബീണു വീണു
ബായക്ക കാച്ചീത് പഴം പൊരിച്ചത്
ബായന്റെ ബള്ളി വാഴയുടെ വള്ളി
ബിസ്സ്യം വിഷയം
സമ്മന്തക്കാര്‍ ബന്ധുക്കള്‍
ഞങ്ങൊ ഞങ്ങള്‍
നിങ്ങൊ നിങ്ങള്‍
ബയര്‍ പള്ള വയര്‍
മൊയ്ല്യാര്‍ മുസല്യാര്‍
തങ്ങൊ തങ്ങള്‍
ആങ്കാരം അഹങ്കാരം
ഏസികെ നാണക്കേട്
ബജാര്‍ അങ്ങാടി
ബെനെ ക്ഷീണം, മടി , അലസത
(എനക്ക് ബെനെ ആന്ന് ഓന്‍ എന്തൊര ് ബെനേന്നു നോക്കറൊ)
കണ്ടം വയല്‍
ഒരു കണ്ടം ഒരു കഷണം
പൊയ്യക്കണ്ടം മണല്‍ വയല്‍
പറങ്കിയാങ്ങ കശുമാങ്ങ
ബട്ടം ഭക്ഷണം കഴിക്കുന്ന വട്ടത്തിലുള്ള സ്റ്റീല്‍ അലൂമിനിയം പാത്രം
ചക്കന്റെ മരം പ്ളാവ്
കാക്ക അമ്മാവന്‍
കാക്കെ കാക്ക
പൊരെക്കാര്‍ വീട്ടുകാര്‍
ബൌസ് ചൊങ്ക് അലങ്കാരം
കര്‍ച്ചപ്പ്ല കറിവേപ്പില
പുയ്നാട്ടി പുതു നാരി
പുയ്യാപ്ളെ പുതുമാരന്‍
എന്‍ക്കെന്തും കയ്ന്നില്ല എനിക്ക് ഒന്നും തന്നെ സുമില്ല
അഡ്ഡം കുറുകെ
കേക്ക് കിഴക്ക്
കേക്ക് ശ്രദ്ധിക്ക്
ബായി പറയ്ന്ന് വഴക്ക് പറയുന്നു
ബായി വായ
നാഅ് നാവ്
നൊര്‍ച്ചും നിറച്ചും
മയന്റെ മൂടം കാര്‍ മേഘം
ആസ ആശ
ലക്കൊട്ട് കവര്‍
പഞ്ചാരത്തണ്ണി പഞ്ചസാര വെള്ളം
ബറ്റ് കഞ്ഞിയിലെ വറ്റ്
പച്ചോള്‍ പച്ച മുളക്
മൊള് മുളക്
കൊത്തമ്പാരി മല്ലി
ബല്ലാണ്ട് വല്ലാതെ
എടങ്ങേര്‍ ബുദ്ധിമുട്ട്
ചെള്ളം അരി ദോശ
അസറാങ്ക് അസര്‍ ബാങ്ക്
മന്തട്ടെ വീട്ടിന്റെ ഉള്ളില്‍ ഉയര്‍ത്തിക്കെട്ടിയുണ്ടാക്കിയ തിട്ട
പുള്ളി മകന്റെ മകന്‍
പഞ്ചാത്യെ പഞ്ചായത്ത്, മീറ്റിങ്ങ്
തലങ്ങാണി തലയിണ
ബെത്തലെ വെറ്റില
ബണ്ടി വണ്ടി
വണ്ടീന്റെ ഉരുള്‍ വണ്ടിയുടെ ടയര്‍
കെളെ തോട് ഇടവഴി
തിരീന്ന്ല്ല മനസ്സിലാവുന്നില്ല
ഒട്ടെ ദ്വാരം, വൃത്തം
ബട്ടത്തില്‍ വൃത്തത്തില്‍
മാര്‍ക്കം സുന്നത്ത്
കാഅ് ചെവി
കാഊത്ത് മങ്ങലം കാത് കുത്ത് കല്യാണം
കൊങ്കാട്ടം അഹങ്കാരം
നല്ല ചേലായിനു നല്ല ഭംഗിയുണ്ട്
പൊന്തീനാ ഉയര്‍ന്നുവോ
ഓളെ ബയര്‍ പൊന്തീനോലു അവള്‍ ഗര്‍ഭിണിയായി പോലും
കീഞ്ഞിറ്റ് പാഞ്ഞി ഇറങ്ങി ഓടി
പ്ളാഅ്ന്റെ ചപ്പ്ലെ പ്ളാവിന്റെ ഇല
തോല്‍ പച്ചില വളം
തെന്ത് ജാതീപ്പാ ഇതേത് ഇനത്തില്‍ പെട്ടെതാ
തത്തറം തിരക്ക്
തത്തറപ്പാട് പെടാപ്പാട്
കൊര്‍ച്ച് കാക്ക്പ്പാ കുറച്ച് കൂടി കാത്തിരിക്കൂ
കാക്കണെ റബ്ബെ ദൈവമേ രക്ഷിക്കണെ
ചുട്ടണ്ണി ചൂട് വെള്ളം
എന്തിന്റ്രാ എന്താണെടാ
റജെ അവധി
പായി ഒലത്തീനാ പായ വിടര്‍ത്തിയോ
ങട്ട് ബര്‍ലോ ഇങ്ങോട്ട് വരൂ
സുയിപ്പാക്കന്റ്രാ ഇന്‍സള്‍ട്ട് ചെയ്യരുതെ
നോക്കെറൊപ്പാ ഇതൊന്ന് നോക്കിയെ
ഒണ്‍ക്കിന്റെ കറി ഉണക്ക മത്സ്യം കറി
കടയങ്കല്ല് അര കല്ല്
ബന്ന്ര്‍ന്ന് വരൂ എന്ന്
ബന്നേ വരൂ
ചോയിക്കറൊ ചോദിക്കരുതോ
മുണ്ടാണ്ടിരിക്കറൊ മിണ്ടാതെ ഇരിക്കരുതോ
ചൊറെ ആക്കല്ലാപ്പാ ബുദ്ധിമുട്ടിക്കരുതെ
കരക്കെ കാലിത്തൊഴുത്ത്
കരക്കരെ ആന്ന് സങ്കടം വരുന്നു
തുണി ഒണ്‍ങ്ങീനാ തുണി ഉണങ്ങിയോ
കുഞ്ഞൊര്‍ങ്ങിയ കുഞ്ഞുറങ്ങീയോ
അപ്പ്യ ഇപ്പ്യ അവര്‍ , ഇവര്‍
അരക്കര്‍ അരയില്‍ കെട്ടുന്ന കയര്‍
കട്ട്ല്‍ കട്ടില്‍
ഇട്ടി ചെമ്മീന്‍
ചുമ്മ്ണിയെണ്ണ മണ്ണെണ്ണ
നട്ടിക്കായി നട്ടു വളര്‍ത്തിയ പച്ചക്കറികള്‍
കടയം കുടം
ബലത്തെ ബാഗം വലതു ഭാഗം
കുണ്ട് കുഴി
പോണ്‍ ഫോണ്‍
പൊരെക്കാറും നെരെക്കാറും ബന്ധുക്കളും സ്വന്തക്കാരും
ബട്ടി വട്ടി, കുട്ട
ഒര്‍ സാത്ത് കയ്ഞ്ഞിറ്റ് അല്‍പ്പ സമയം കൂടി കഴിഞ്ഞ്
ബാര്‍ന്ന് വാര്‍ന്ന്
മാട് പുഴക്കരയില്‍ തെങ്ങിന്തോപ്പുകള്‍ക്കിടയിലെ സ്ഥലം
ചര്‍ട്ടി തേങ്ങാ ചിരട്ട
തക്കാരം സല്‍ക്കാരം
ബെണ്ണൂര്‍ വെണ്ണീര്‍
അല്‍മ്പാക്കി അലങ്കോലമാക്കി
ചറ്റെ മെടെഞ്ഞ ഓലകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്
മാദികന്മാര്‍ ചെരുപ്പ് കുത്തികള്‍
ആട്ട് പുട്ടെ ആട്ടിന്‍ കാഷ്ടം
നിരിയനെ ചിന്ത
നിരീച്ചത് മനസ്സിലായോ
ബേജാര്‍ സങ്കടം
ആബെ ആവുമോ
ആബ ആബ അരുതെ ചെയ്യരുതെ
മുപ്പട്ടെ , നുപ്പട്ടെ മുമ്പെ, നേരത്തെ തന്നെ
തന്താര്‍ ബന്ധുക്കള്‍
ഒര്‍പ്പിടി കയ്ഞ്ഞ് കുറച്ച് സമയം കൂടി കഴിഞ്ഞ്
എപ്പോങ്കും എപ്പോഴെങ്കിലും
ബയ്യെ വഴിയെ , പിന്നെ
ബയ്യെപര്‍യാം പിന്നീട് പറയാം
മൂട് മും
കുപ്പീന്റെ മൂട് കുപ്പിയുടെ അടപ്പ്
ജാഹുക്ക് ജാഹ് രാത്രിക്ക് രാത്രി
അട്ടം വീടിന്റെ മച്ച്
പോരം പകരം
കുത്തനേ , കുത്തെ കൂടുതല്‍ ഉയരത്തില്‍
ചെണ്ട് പന്ത്

ഇങ്ങനെ നിരവധി നിരവധി വാക്കുകളാല്‍ സമ്പന്നമായ ഈ അത്യുത്തര ദേശത്ത്നിന്ന് തന്നെയാണു മലയാളത്തിലെ പ്രഗല്‍ഭരായ സാഹിത്യകാരന്മാര്‍ പിറവിയെടുത്തതും പ്രശസ്ത സാഹിത്യ കൃതികള്‍ ഉണ്ടായതും. നിഷ്കളങ്കമായ ഗ്രാമത്തനിമ വിളിച്ചോതുന്ന ഈ തനതു ഭാഷാ ശൈലി അന്ന്യം നിന്നുപോവാതിരിക്കാന്‍ ഈ രചന ഒരു പ്രചോദനമാകട്ടെ

4 comments:

A.K Chembirika said...

nice post ustha
i really enjoyed by reading...

A.K Chembirika said...

next write ur language like ij,kajj etc...

moinmalayamma said...

kader bhay, kajjum mejjum nammale punnara malappurathinte basaya... athine kuttam p arayalle... athu mushafinte nadukkasnama..

റിയാസ് ടി. അലി said...

Aa Rachana njangal angaye elpikkunnu.....